ഒക്ലഹോമ: 20 വർഷം മുൻപ് മുൻ കാമുകിയെയും ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയും അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ റേമണ്ട് ജോൺസണിന്റെ (52) വധശിക്ഷ ഒക്ലഹോമയിൽ നടപ്പിലാക്കി.
വ്യാഴാഴ്ച രാവിലെ മക്അലസ്റ്ററിലെ ഒക്ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷമിശ്രിതം കുത്തിവച്ചായിരുന്നു ശിക്ഷാവിധി നടപ്പിലാക്കിയത്.
2007 ജൂണിൽ തുൾസയിലുള്ള വീട്ടിൽ വച്ചാണ് 24 വയസുകാരിയായ ബ്രൂക്ക് വിറ്റേക്കറെയും മകൾ ക്യായെയും ജോൺസൺ കൊലപ്പെടുത്തിയത്. തർക്കത്തിനൊടുവിൽ വിറ്റേക്കറെ ചുറ്റിക കൊണ്ട് ക്രൂരമായി മർദിച്ച ജോൺസൺ, അവർ അബോധാവസ്ഥയിൽ ഇരിക്കെ തന്നെ വീടിന് തീയിടുകയായിരുന്നു.
തലയ്ക്കേറ്റ പരുക്കും പുക ശ്വസിച്ചതുമാണ് വിറ്റേക്കറുടെ മരണകാരണം. ഗുരുതരമായി പൊള്ളലേറ്റിനെ തുടർന്നാണ് കുഞ്ഞ് മരിച്ചത്. ജയിലിൽ കഴിഞ്ഞ കാലയളവിൽ താൻ ആകെ മാറിയെന്നും അതിനാൽ മാപ്പ് നൽകണമെന്നും ജോൺസൺ അപേക്ഷിച്ചിരുന്നു.
എന്നാൽ കുറ്റകൃത്യത്തിന്റെ ഭീകരത കണക്കിലെടുത്ത അധികൃതർ ഇളവ് നൽകാൻ തയാറായില്ല. 1996-ൽ മറ്റൊരു കേസിൽ ജോൺസൺ ഒൻപത് വർഷം തടവ് അനുഭവിച്ചിട്ടുള്ള കാര്യവും അധികൃതർ ചൂണ്ടിക്കാട്ടി.